InterviewMalayalamNew ReleaseNewsTamil

‘സുമതി വളവ്’ സിനിമക്കെതിരെ സംഘടിത സൈബർ ആക്രമണം നടക്കുന്നതായി പരാതി

മലയാള സിനിമയിലെ പുതിയ ചർച്ചാവിഷയമായി ‘സുമതി വളവ്’. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. എന്നാൽ ‘സുമതി വളവ്’ സോഷ്യൽ മീഡിയയിൽ കടുത്ത ഡീഗ്രേഡിംഗ് ക്യാമ്പയിനുകൾക്ക് ഇരയാവുന്നുവെന്നാണ് അണിയറപ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം. ‘മാളികപ്പുറം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഒരുമിച്ച ഈ ഫാമിലി ഹൊറർ ചിത്രത്തിന് ബോക്സ് ഓഫീസിൽ പത്ത് കോടിക്ക് അടുത്ത് കളക്ഷൻ നേടാൻ സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അർജുൻ അശോകൻ നായകനായെത്തുന്ന ‘സുമതി വളവ്’ പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത നേടുന്നതിനിടയിൽ മനപ്പൂർവ്വം സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇതിനെതിരെ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിനിമയെ മാത്രമല്ല അണിയറപ്രവർത്തകരുടെ കുടുംബത്തെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അധിക്ഷേപിക്കുന്നുവെന്നും ആരോപണമുണ്ട്.

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ എന്ന സിനിമയുടെ റിലീസ് സമയത്തും സമാനമായ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ‘സുമതി വളവി’ന്റെ കാര്യത്തിൽ നടക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു. അന്ന് തുടങ്ങിയ ഹേറ്റ് ക്യാമ്പയിൻ ഇപ്പോഴും തുടരുന്നുവെന്ന് വിഷ്ണു ശശി ശങ്കർ വ്യക്തമാക്കി. സിനിമയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകുമെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള അറിയിച്ചു. ഗോകുലം ഗോപാലനും മുരളി കുന്നുംപുറത്തും ചേർന്നാണ് ‘സുമതി വളവ്’ നിർമ്മിച്ചിരിക്കുന്നത്. മികച്ച കളക്ഷൻ നേടുന്ന സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button