ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മിനിമം ഗ്യാരന്റി സിനിമകൾ ഉറപ്പ് നൽകുന്ന നായകനായ ബേസിലിന്റെ ‘മരണമാസ്സ്’ ഹൈപ്പിനനുസരിച്ചു ഉയരുമെന്നാണ് പ്രേക്ഷകപ്രവചനം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിൻ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്.
ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയോടെയാണ് സസ്പെൻസും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ സിവിക് സെൻസ് എന്ന പ്രൊമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു.
വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കുതിച്ചു കയറുന്ന ബേസിൽ ജോസഫ് മലയാളത്തിലെ ഏറ്റവും വിപണനമൂല്യമുളള നായകന്‍മാരില്‍ ഒരാളായി ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തിൽ, പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റെതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിപ്പോൾ കോളിവുഡ് എൻട്രി നടത്തിയിരിക്കുയാണ്.