മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും ചിത്രത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം തിരക്കഥയുടെ പേരിലും അഭിനയത്തിന്റെ പേരിലും വലിയ വിമർശനങ്ങളാണ് സിനിമ ഏറ്റുവാങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ
48ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സിൽ രണ്ട് അവാർഡുകൾ മോഹൻലാൽ ചിത്രമായ ബറോസ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്മാന്‍ എന്നീ കാറ്റഗറികളിലാണ് ബറോസിന് പുരസ്‌ക്കാരങ്ങൾ ലഭിച്ചത്. ഗുര്‍പ്രീത് കൗര്‍, ഭൂപാലന്‍ മുരളി എന്നിവർക്ക് മികച്ച മേക്കപ്പ്മാനുള്ള അവാർഡ് ലഭിച്ചപ്പോൾ ജ്യോതി മദനാനി സിങ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും നേടി.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിൽ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
മികച്ച 3D യും വിഷ്വൽ എഫക്റ്റുകളും ചിത്രം നല്‍കിയെങ്കിലും കെട്ടുറപ്പില്ലാത്ത മേക്കിങ്ങും തിരക്കഥയിലെ പഴുതുകളും ബറോസിന് വിനയായെന്നാണ് റിലീസിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. കൂടുതലും വിദേശ അഭിനേതാക്കൾ ഭാഗമായ സിനിമയിലെ സംഭാഷണങ്ങളും ഡബ്ബിങ്ങും ആസ്വദനത്തെ ബാധിച്ചിരുന്നു. മികച്ച പ്രൊഡക്ഷൻ വാല്യൂ സിനിമ മുന്നോട്ട് വയ്ക്കുമ്പോഴും ബറോസ് ഓർമയിൽ സൂക്ഷിക്കാൻ ഒന്നുമില്ലാത്ത സിനിമാനുഭവമായി മാറി എന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.