ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2. ജനുവരി 17 ന് തിയേറ്ററുകളിലെത്തിയ ചിത്രം 1871 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രം മിനി സ്ക്രീനിലും റെക്കോർഡുകൾ സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോർട്ട്. ടെലിവിഷനില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് ചിത്രം നേടിയിരിക്കുന്നത്. നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുന്റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്.
ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലാണ് പുഷ്പക്ക് മുന്നിലുള്ള സിനിമ. രാജമൗലിയുടെ ചിത്രം ‘RRR’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും ‘ബാഹുബലി 2’ വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡ് ലഭിച്ചിരുന്നു. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്.
ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു. എല്ലാ കോണുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങൾ ലഭിച്ച പുഷ്പ 2വിന് പക്ഷെ കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.