മോഹൻലാൽ, കമൽ ഹാസൻ, അക്ഷയ് കുമാർ സിനിമകൾ ഉൾപ്പെടെ വമ്പൻ ചിത്രങ്ങൾ ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമൽ ഹാസനെ പിന്തള്ളി അക്ഷയ് കുമാർ ചിത്രമാണ് മുൻനിരയിൽ ഇടം പിടിച്ചിരിക്കുന്നത്. അക്ഷയ് കുമാർ ചിത്രമായ ഹൗസ്ഫുൾ 5 ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 105K ടിക്കറ്റുകളാണ് ഹൗസ്ഫുൾ 5 ഇന്നലെ വിറ്റഴിച്ചത്. മികച്ച പ്രതികരണം നേടുന്ന സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കുതിപ്പുണ്ടാക്കാൻ സാധിക്കുന്നുണ്ട്.
ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ്. 111.75 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. കമൽ ഹാസൻ ചിത്രമായ തഗ് ലൈഫ് ആണ് ലിസ്റ്റിൽ രണ്ടാമത്. ടിക്കറ്റ് വില്പനയിൽ ഹൗസ്ഫുള്ളിനെക്കാൾ ഏറെ പിന്നിലാണ് തഗ് ലൈഫ്. വെറും 11K ടിക്കറ്റുകൾ മാത്രമാണ് തഗ് ലൈഫിന് ഇന്നലെ വിൽക്കാനായത്. മോശം പ്രതികരണങ്ങൾ സിനിമയെ പിന്നിട്ടടിക്കുന്നുണ്ട്. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. ചിത്രത്തിന് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാനായിട്ടില്ല.
റീ റിലീസിൽ മികച്ച സ്വീകരണവുമായി മുന്നേറുന്ന മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ ലിസ്റ്റിൽ നാലാം സ്ഥാനത്താണ്. 6K ടിക്കറ്റുകളാണ് സിനിമ ഇന്നലെ വിറ്റത്. സിനിമ റിലീസ് ചെയ്ത് കേരളത്തിൽ ഏഴ് ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ അടക്കം സംഘടിപ്പിക്കുന്നുണ്ട്. ചിത്രം ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 2.60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോം ക്രൂസ് ചിത്രമായ മിഷൻ ഇമ്പോസ്സിബിൾ ആണ് മൂന്നാം സ്ഥാനത്തുള്ള സിനിമ. രാജ്‌കുമാർ റാവു ചിത്രം ഭൂൽ ചുക്ക് മാഫ്, ഹോളിവുഡ് ചിത്രം ബാലെറിന, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ.