MalayalamNews

അമ്മ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ച് നടൻ ബാബുരാജ്

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് വ്യക്തമാക്കി നടൻ ബാബുരാജ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നൽകിയ നാമ നിർദ്ദേശപത്രിക നടൻ പിൻവലിക്കുമെന്ന് അറിയിച്ചതിന്ന് പിന്നാലെയാണ് പ്രതികരണം. മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ മുൻപ് പറഞ്ഞിരുന്നു.

നടൻ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടുണ്ട്.തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള താരം മത്സരിക്കുന്നതിനെതിരേ ‘അമ്മ’ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന.

ആരോപണവിധേയര്‍ ഒന്നാകെ മാറി നില്‍ക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘അമ്മ’ ആജീവനാന്ത അംഗം മല്ലിക സുകുമാരന്‍ ആയിരുന്നു നടനെതിരേ ആദ്യം രംഗത്തെത്തിയത്. പിന്നാലെ, മാലാ പാര്‍വതി ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറിനിന്നുവെന്ന് ഓര്‍മപ്പെടുത്തി വിജയ് ബാബുവും രംഗത്തെത്തി. ബാബുരാജിനെതിരേ സാമ്പത്തിക ആരോപണം അടക്കം ഉന്നയിച്ച് അനൂപ് ചന്ദ്രനും മുന്നോട്ടുവന്നിരുന്നു.

പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം. എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായത് എന്നാണ് സൂചന. ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമേ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button