NewsTamil

രാമായണ ടീസറിന് പിന്നാലെ വീണ്ടും ട്രോളിൽ മുങ്ങി ആദിപുരുഷ്

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. എന്നാൽ രാമായണയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ പ്രഭാസ് ചിത്രമായ ആദിപുരുഷ് വീണ്ടും ട്രോളുകൾക്ക് ഇരയായിരിക്കുകയാണ്. രാമായണത്തിനെ ആസ്പദമാക്കിയായിരുന്നു ആദിപുരുഷും പുറത്തിറങ്ങിയത്. എന്നാൽ മോശം വിഷ്വൽ ഇഫക്റ്റ്സ്, മോശം കഥാപാത്ര നിർമ്മിതി എന്നിവയുടെ പേരിൽ സിനിമ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

കഥാപാത്രങ്ങൾ മോശമായ ഭാഷയിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളും പരാതികളുമാണ് വന്നത്. പ്രഭാസിന്റെ സ്റ്റാർഡത്തിനെ ആദിപുരുഷിൻ്റെ സംവിധായകനായ ഓം റൗട്ടിന് ഉപയോഗിക്കനായില്ലെന്നും രാമായണത്തിന്റെ ടീസർ എത്രയോ മികച്ചതായി അനുഭവപ്പെടുന്നു എന്നുമാണ് കമന്റുകൾ. ആദിപുരുഷ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ലെന്നും എന്നാൽ രാമായണത്തിന്റെ ടീസർ പ്രതീക്ഷ നൽകുന്നെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഓം റൗട്ട് പ്രഭാസിന്റെ സ്റ്റാർഡത്തിനെ ദുരുപയോഗം ചെയ്തത് പോലെ നിതീഷ് തിവാരി ചെയ്യില്ലെന്നും രൺബീർ കപൂർ രാമനായി തകർക്കുമെന്നുമാണ് ആരാധകർ എക്സിൽ കുറിക്കുന്നത്.

ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. യഷ് ആണ് സിനിമയിൽ രാവണനായി എത്തുന്നത്. ടീസറിന് അവസാനം രൺബീർ കപൂറിന്റെ രാമനും ഗാംഭീര്യത്തോടെ വന്നു പോകുന്നുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ടീസർ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button