ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരർഹനായ മോഹൻലാലിനെ ആദരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച ‘വാനോളം മലയാളം ലാൽ സലാം’ എന്ന പരിപാടിയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ‘ഇത്തരം നിമിഷങ്ങൾ എന്റെ ഉള്ളിൽ വലിയ കൃതഞ്ജതയാണ് നിറക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ചതിന് ആശംസകളുമായി നടന്ന പരിപാടിയിൽ കേരള സർക്കാർ നൽകിയ ഊഷ്മളമായ ആദരത്തിന് നന്ദി. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പരിപാടിയിലേക്ക് എത്തിച്ചേർന്ന എല്ലാ വിശിഷ്ട വ്യക്തിത്വങ്ങളോടും ഞാൻ നന്ദി പറയുന്നു.
അതിനെല്ലാം ഉപരി ഈ മനോഹര നിമിഷത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനായി ഇവിടെ എത്തിച്ചേർന്ന ഓരോരുത്തരോടും പറയട്ടെ, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും പിന്തുണയും
അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം,’ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്റെ നാട്ടിൽ വെച്ച് തന്നെ ഇത്രയും ഗംഭീരമായ ഒരു പരിപാടി ഒരുക്കിയതിൽ മുഖ്യമന്ത്രിയോടും സംസ്ഥാന സർക്കാരിനോടും നന്ദിയുണ്ടെന്നും മോഹൻലാൽ പരിപാടിയിൽ വെച്ച് നടത്തിയ മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ദാദാ സാഹേബ് ഫാൽക്കെ സിനിമയ്ക്കായി നടത്തിയ സമർപ്പണം ഏവർക്കും മാതൃകയാണെന്നും മോഹൻലാൽ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കെയിൽ നിന്ന് ഇന്ത്യൻ സിനിമ ഏറെ മുന്നോട്ടുപോയി. അപ്പോഴും സിനിമ എന്ന ആകാശത്ത് തിളങ്ങുന്ന നക്ഷത്രം ആയി അദ്ദേഹം നിൽക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഒപ്പം അഭിനയത്തിലെ അനായാസതയെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. തനിക്ക് തനിക്ക് അഭിനയം അനായാസമായുള്ള കാര്യമല്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. പ്രേക്ഷകർക്ക് തന്റെ അഭിനയം അനായാസമാണെന്ന് തോന്നുന്നെങ്കിൽ അത് ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്നും മോഹൻലാൽ പറഞ്ഞു. സെപ്തംബർ 23നാണ് മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. നേരത്തെ അടൂർ ഗോപാലകൃഷണൻ മാത്രമാണ് കേരളത്തിൽ നിന്നും ഈ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്.