ഏറെ നാളുകളായി മലയാള സിനിമയിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായിരുന്നു ഒരു മൾട്ടിസ്റ്റാർ സിനിമ. ഇപ്പോഴിതാ മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പാട്രിയറ്റ്’ ആ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ്. മമ്മൂട്ടി-മോഹൻലാൽ എന്ന ഘടകം ഒഴിവാക്കിയാൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, നയൻതാര എന്നീ താരങ്ങളും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ ചിത്രത്തിൽ വമ്പൻ താരനിര വേറെയുമുണ്ടെന്നാണ് സൂചന. ടീസർ പുറത്തിറങ്ങിയതിന് ശേഷം മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കിടിലൻ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു പേരുടെയും ക്വിന്റൽ ഇടി ചിത്രത്തിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ടീസർ ഇറങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മറ്റ് സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ തകർക്കാൻ കഴിവുള്ള സിനിമയെന്നാണ് ഇപ്പോഴേ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.