മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. മഞ്ഞുമ്മൽ ബോയ്സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ രൺബീർ കപൂർ. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഒരുപാട് ഇഷ്ടമായി എന്ന് രൺബീർ പറഞ്ഞു.
‘ലോകയിലെ ഗാനങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമായി. ഞാൻ ഈ അടുത്ത് ചിത്രം കണ്ടു, ഗംഭീര സിനിമയാണ്’, രൺബീറിന്റെ വാക്കുകൾ. ഒരു ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് രൺബീർ ലോകയെ പ്രശംസിച്ചത്. നേരത്തെ തന്നെ സൗത്ത് ഇന്ത്യയിലെ ഫീമെയ്ല്‍ ലീഡ് സിനിമയിലെ ടോപ് ഗ്രോസറായിരുന്ന കീര്‍ത്തി സുരേഷിന്റെ ‘മഹാനടി’യെ ലോക പിന്തള്ളിയിരുന്നു. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ സ്വന്തമാക്കിയിരുന്നു. ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്.
ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ചാത്തന്റെ വരവ് ആയിരിക്കുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചാത്തൻ അല്ല ചാത്തന്റെ ചേട്ടനാണ് വരുന്നത്. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ടൊവിനോയ്ക്ക് ഒപ്പം ദുൽഖർ സൽമാനും വിഡിയോയിൽ ഉണ്ട്. മികച്ച വരവേൽപ്പാണ് വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചാത്തന് ശേഷം ദുൽഖറിന്റെ ഓടിയന്റെ കഥയാകും എത്തുന്ന എന്ന സൂചനയും നൽകുന്നുണ്ട്.