ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകന്മാരിൽ ഒരാളാണ് എസ് എസ് രാജമൗലി. ബാഹുബലി, ആർ ആർ ആർ തുടങ്ങി നിരവധി സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞ് നിൽക്കുകയാണ് രാജമൗലി. മുൻപ് ആർ ആർ ആർ എന്ന സിനിമയുടെ സമയത്ത് അദ്ദേഹം നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്. ഫിലിം ക്രിട്ടിക് ആയ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖമാണ് വീണ്ടും ഇപ്പോൾ വൈറലാകുന്നത്. അഭിമുഖത്തിൽ തന്റെ ഇഷ്ട സിനിമ ഏതൊക്കെയാണ് എന്ന് ഭരദ്വാജ് രംഗൻ രാജമൗലിയോട് ചോദിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രമായ ബെൻ ഹർ ആണ് രാജമൗലി ആദ്യം പറയുന്ന പേര്. തുടർന്ന് മായാബസാർ എന്ന ചിത്രമാണ് അദ്ദേഹം തന്റെ പ്രിയചിത്രമായി പറഞ്ഞത്. ഇത് മമ്മൂട്ടി നായകനായി 2008 ൽ പുറത്തുവന്ന മലയാള ചിത്രമാണെന്ന തരത്തിലാണ് തുടർന്ന് ട്രോളുകൾ പ്രചരിച്ചത്. സത്യത്തിൽ രാജമൗലി ഉദ്ദേശിച്ചത് തെലുങ്ക് ക്ലാസിക് ചിത്രമായ മായാബസാർ ആണ്.
തുടർന്ന് മമ്മൂട്ടി ചിത്രത്തിന്റെ സീനുകളും ഗാനങ്ങളും ബന്ധപ്പെടുത്തി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തിയേറ്ററിൽ പരാജയമായെങ്കിലും മമ്മൂട്ടി ചിത്രം രാജമൗലിയുടെ ഇഷ്ടസിനിമകളിൽ ഒന്നായി മാറിയെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ തമാശരൂപേണ കുറിക്കുന്നത്. രാജമൗലി മായാബസാര്‍ എന്ന് പറയുന്നതും ചിത്രത്തില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്ന പാട്ട് രംഗവും ചേര്‍ത്തുവെച്ച ട്രോള്‍ വിഡിയോ വൈറലായി മാറുകയാണ്. ട്രോളുകള്‍ കണ്ട് പലരും ഇത് സത്യമാണെന്ന് കരുതി ആഘോഷിക്കുക കൂടി ചെയ്തതോടെ സംഗതി വൈറലായി.
തോമസ് സെബാസ്റ്റ്യൻ്റെ സംവിധാനത്തിൽ പുറത്തുവന്ന മായാബസാറിൽ കലാഭവൻ മണി, രാജൻ പി ദേവ്, സായി കുമാർ, ബിജു കുട്ടൻ, ഷീല കൗർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു. ചിത്രത്തിലെ രാഹുൽ രാജ് ഈണം നൽകിയ ഗാനങ്ങൾ ഇന്ന് വലിയ ഹിറ്റാണ്. അതേസമയം, തെലുങ്കിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മായാബസാർ. വന്‍ വിജയം നേടിയ ചിത്രത്തിലെ വിഷ്വല്‍ എഫെക്ട്സ് ഇന്നും അമ്പരപ്പിക്കുന്നതാണ്. മഹാനടി സാവിത്രി, എന്‍ടി രാമറാവു, എസ്വി രംഗ റാവു തുടങ്ങിയ തെലുങ്ക് സിനിമയിലെ ഇതിഹാസങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു മായാ ബസാര്‍.