മലയാള സിനിമാ ചരിത്രത്തിലെ തന്നെ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ 1: ചന്ദ്ര. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന്റെ കളക്ഷനും ഏറി വരികയാണ്. ഇപ്പോഴിതാ എല്ലാവരും പറയുന്നതു പോലെ ലോക തനിക്ക് വലിയ ആവേശമൊന്നും നൽകിയില്ലെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ. “ഞാൻ എഫ് വണ്ണും ലോകയും കണ്ടു. ലോകയ്ക്ക് സമ്മിശ്ര പ്രതികരണമാണ് കിട്ടുന്നതെന്ന് എനിക്ക് തോന്നുന്നു. എല്ലാവരും പറയുന്നതു പോലെ ഒരു വൗ എലമെന്റ് ഒന്നും എനിക്ക് തോന്നിയില്ല. പക്ഷേ സിനിമ ഓക്കെയായിരുന്നു.
രണ്ടാം പകുതി എനിക്ക് കുറച്ച് സ്ലോ ആയി ഫീല്‍ ചെയ്തു. സിനിമ മുഴുവനായിട്ട് നോക്കുകയാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ടു, അങ്ങനെയേ ഉള്ളൂ. അല്ലാതെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല. പക്ഷേ ഇപ്പോഴത്തെ തലമുറയിലുള്ളവർക്ക് ഇഷ്ടപ്പെട്ടു. ഒരു സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക്. മാര്‍വലുമായിട്ടൊന്നും ഈ സിനിമയെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള ഒരുപാട് സിനിമകള്‍ ഞാൻ കണ്ടതു കൊണ്ട് ലോക കണ്ടപ്പോള്‍ എനിക്ക് കുറച്ചുകൂടി എക്സ്പറ്റേഷന് ഉണ്ടായിരുന്നിരിക്കാം. സിനിമയിലേക്ക് വരികയാണെങ്കില്‍ കല്യാണി ആ റോളിന് നല്ല അനുയോജ്യയായിരുന്നു. അവളത് നന്നായി ചെയ്തിട്ടുണ്ട്. അവളുടെ മുഖത്ത് ആ നിഷ്കളങ്കതയുണ്ട്, ആ കാരക്ടറിന് എന്താണോ വേണ്ടത് അതെല്ലാമുണ്ട്.
കല്യാണി അത് നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുമുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സാണ്. ആ കുട്ടി അടിപൊളിയായിരുന്നു. ആ കുട്ടിയുടെ എക്സ്പ്രഷന്‍ എനിക്ക് വളരെ ഇഷ്ടമായി. അതുപോലെ മലയാള സിനിമയില്‍ ഇങ്ങനെയൊരു ഴോണര്‍ നമ്മള് കണ്ടിട്ടില്ല. മിത്തുമായി കൂട്ടിക്കലർത്തി അവർ ചെയ്തിരിക്കുന്നത് വളരെ രസമായിട്ടുണ്ട്”.- ശാന്തി കൃഷ്ണ പറഞ്ഞു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയവർ ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയിരുന്നു. 267 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം പല റെക്കോര്‍ഡുകളും ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.