കല്യാണി പ്രിയദര്‍ശന്റെ സൂപ്പര്‍ ഹീറോ ചിത്രത്തിന് ആശംസകളുമായി പ്രിയദര്ശന്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചില്‍ അതിഥിയായി എത്തിയ പ്രിയദര്ശന് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിലെ നായകന് നസ്ലെനെ കമല്‍ഹാസനോടാണ് പ്രിയദര്ശന് ഉപമിച്ചിരിക്കുന്നത്. ”നസ്ലെന് എന്റെ പ്രിയപ്പെട്ട നടനാണ്. വിഷ്ണു വിജയം എന്ന സിനിമ കാണുമ്പോള്‍ കമല്ഹാസന് എന്നൊരു നടനെ കണ്ടിട്ടുണ്ട്. ഭയങ്കര നിഷ്കളങ്കനും എന്നാല്‍ നല്ല കള്ളനും ആണെന്ന് നമുക്ക് മനസിലാകും. അതേ സാധാനം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്ലെനായിട്ട്” എന്നാണ് പ്രിയദര്ശന് പറയുന്നത്. പ്രിയദര്‍ശന്റെ വാക്കുകള്‍ക്ക് കൈക്കൂപ്പിയാണ് നസ്ലന് നന്ദി പറഞ്ഞത്.
അതേസമയം കല്യാണി നടിയാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രിയദര്ശന് പറയുന്നു. മകള്‍ അഭിനയിക്കുന്നതിനെക്കുറച്ച് ചോദിച്ചപ്പോഴും തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് പ്രിയദര്ശന് പറയുന്നത്. അരങ്ങേറ്റ ചിത്രത്തിന് മുമ്പ് മകളുമായി നടന്ന സംസാരത്തെക്കുറച്ചും പ്രിയന് പരാമര്‍ശിക്കുന്നുണ്ട് ”എന്റെ മകള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് എന്റെ ജീവിതത്തില്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. ഒരിക്കല്‍ വന്ന് എന്നോട് ചോദിച്ചു, അച്ഛാ നാഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു സിനിമയില്‍ അഭിനയിക്കുമോ എന്ന്. നിന്നെക്കൊണ്ട് കഴിയുമോ? അവര്‍ അങ്ങനെ പലതും പറയും. നമ്മുടെ കഴിവിനെക്കുറിച്ച് നമുക്ക് ബോധ്യം ഉണ്ടാകണം എന്ന് ഞാന്‍ പറഞ്ഞു. ശ്രമിച്ചു നോക്കാം നഷ്ടപ്പെടാന്‍ ഒന്നും ഇല്ലല്ലോ എന്ന് അവള് പറഞ്ഞു” എന്നാണ് പ്രിയദര്ശന് പറയുന്നത്.
അങ്ങനെയാണ് കല്യാണി അഭിനയിക്കാന്‍ തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത് മക്കളെ പോലുള്ളവര്‍ എടുക്കുന്ന സിനിമയ്ക്ക് അച്ഛന്റെ പ്രാര്‍ത്ഥന ഉണ്ടാകണം എന്ന് പറഞ്ഞു. ലോക ഒരു ലോക ഹിറ്റാകട്ടെ എന്ന് ഞാന്‍ ആശംസിയ്ക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഓഗസ്റ്റ് 28 നാണ് ലോക തിയേറ്ററുകളിലേക്ക് എത്തുക. കല്യാണി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ നസ്ലെന്, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്, ശാന്തി ബാലചന്ദ്രന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ദുല്‍ഖര്‍ സല്മാന് ആണ് സിനിമയുടെ നിര്‍മാണം. സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസ് ലോകയിലെ ആദ്യ ചിത്രമായ ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഓണത്തിന് ബോക്സ് ഓഫീസിലേക്ക് എത്തുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും ഒരുക്കിയിരിക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. മികച്ച പ്രതികരണാണ് ട്രെയ്ലര് നേടുന്നത്.