ഒരു കേസിന്റെ പുറകെ തമിഴ്നാട്ടിൽ ചെന്നെത്തിയ സർക്കിൾ ഇൻസ്‌പെക്ടർ ക്രിസ്റ്റി സാമിന് ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു കേസ് കിട്ടുന്നു. തന്റെ സ്വന്തം സഹോദരന്റെ കൊലപാതകം അന്വേഷിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് അയാൾ നടത്തുന്ന ഒരു പോരാട്ടമാണ് കേസ് ഡയറി എന്ന ചിത്രം. അയാൾക്ക് അതിനു കൂട്ടായി മുൻ പോലീസുകാരനും വളർത്തച്ഛനുമായ സാം, സഹപ്രവർത്തകനായ വ്ലാദിമിർ, കാമുകി ഡോക്ടർ ഭാനു എന്നിവരുടെ പിന്തുണ ഉണ്ട്. കേസ് അന്വേഷണം അയാളെ എത്തിക്കുന്നത് കൂടുതൽ പ്രതിസന്ധികളിലേക്കാണ്. ഇത് ക്രിസ്റ്റി എങ്ങിനെ മറികടക്കും എന്നതാണ് കേസ് ഡയറി പറയുന്നത്.
ക്രിസ്റ്റി എന്ന കേന്ദ്ര കഥാപാത്രത്തെ അഷ്കർ സൗദാൻ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പോലീസ് യൂണിഫോം അഷ്കറിന് നന്നായി ഇണങ്ങുന്നുണ്ട്. വിജയരാഘവൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ, നീരജ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. പി സുകുമാരന്റെ ഛായാഗ്രഹണം, എ. കെ സന്തോഷിന്റെ രചന എന്നിവയും സിനിമക്ക് മുതൽക്കൂട്ടാണ്.പോളേട്ടന്റെ വീട് എന്ന ചിത്രത്തിന് ശേഷം ദിലീപ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം ക്രൈം ത്രില്ലർ കഥ ഇഷ്ടപ്പെടുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്.
ചിത്രത്തിലെ ഗാനങ്ങളും എടുത്തു പറയേണ്ടതാണ്. സിനിമയിലെ ആക്ഷൻ രംഗങ്ങളും പ്രത്യേകം പരാമർശിക്കേണ്ട ഒന്നാണ്. ആക്ഷൻ രംഗങ്ങളിൽ രാഹുൽ മാധവ്, അഷ്കർ, സാക്ഷി എന്നിവർ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ ൽരാഘവൻ , റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.