GossipMalayalamNews

കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം: വനിതാ താരങ്ങള്‍ അമ്മ സംഘടനയില്‍ പരാതി നല്‍കും

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അമ്മ സംഘടനയില്‍ പരാതി നല്‍കാന്‍ ഒരു വിഭാഗം വനിതാ അംഗങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും പരാതി. മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നത്.

ഈ യോഗത്തില്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട നിരവധി ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കുക്കു പരമേശ്വരനെ വേട്ടയാടുന്നതിനാണ് നീക്കം നടക്കുന്നതെന്ന് പറഞ്ഞ് ചില താരങ്ങള്‍ മെമ്മറി കാര്‍ഡ് വിവാദത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കുക്കു പരമേശ്വരനെ കൂടാതെ നടന്‍ ഇടവേള ബാബുവിനെതിരെ പരാതി നല്‍കാനും വനിതാ താരങ്ങള്‍ ആലോചിക്കുന്നുണ്ട്. മുന്‍പ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കാനാണ് ഈ താരങ്ങള്‍ ആലോചിച്ചിരുന്നതെങ്കിലും പിന്നീട് ആദ്യം അമ്മയില്‍ തന്നെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ജനറല്‍ ബോഡി യോഗം ചേരുമ്പോള്‍ ഈ വിഷയം ആദ്യം പരിഗണിക്കുമെന്ന് ഈ താരങ്ങള്‍ക്ക് അമ്മ ഭാരവാഹികള്‍ ഉറപ്പുനല്‍കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button