താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ 74 പേര്‍ പത്രിക സമര്‍പ്പിച്ചു. നടന്‍ ജഗദീഷ് അടക്കം 6 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്. വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ അമ്മ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്.
ജഗദീഷ്, ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍. ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വര്‍, ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുക. നടന്‍ ജോയ് മാത്യു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്‌നം കാരണം പത്രിക തള്ളി. കൂടുതല്‍ യുവാക്കളും സ്ത്രീകളും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്.
അതേസമയം ബാബുരാജും ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. നടി നവ്യാ നായര്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും അന്‍സിബ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.