നെറ്റ്ഫ്ലിക്സിന്റെ മെഗാഹിറ്റ് ടിവി സീരീസ് സ്‌ട്രേഞ്ചർ തിങ്‌സിന്റെ ടീസർ റിലീസ് ചെയ്തു. 2016ൽ സ്ട്രീമിങ് ആരംഭിച്ച സയൻസ് ഫിക്ഷൻ സീരീസിന്റെ അഞ്ചാമത്തേയും അവസാനത്തെയും സീസണിന്റെ ടീസറാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ സ്ട്രീമിങ് ചരിത്രത്തിൽ റെക്കോർഡുകൾ സൃഷ്ട്ടിച്ച സീരീസിന്റെ അഞ്ചാം സീസണിന് ആഗോള തലത്തിൽ സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന ചെറുപട്ടണത്തിൽ സംഭവിക്കുന്ന ദുരൂഹവും അവിശ്വസനീയവുമായ സംഭവങ്ങളാണ് സീരീസിന്റെ പ്രമേയം. വസ്തുക്കളെ സ്പർശിക്കാതെ ചലിപ്പിക്കാൻ സാധിക്കുന്ന ശക്തിയുള്ള ഇലവൻ എന്ന പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് ഭീകര ജീവികളുമായി പോരാടുന്നതായിരുന്നു 4 സീസണിലും പ്രധാനമായുമുള്ള സംഭവങ്ങൾ.
മൂന്ന് വോളിയമായാണ് സീരീസ് സ്ട്രീം ചെയ്യുക, ആദ്യ വോളിയം നവംബർ 26 നും രണ്ടാം വോളിയം ഡിസംബർ 25 നും, മൂന്നാം വോളിയം ഡിസംബർ 31 നാണു ആരാധകരിലേക്കെത്തുക. നെറ്റ്ഫ്ലിക്സിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള സീരീസുകളിലൊന്ന് കൂടിയാണ് സ്ട്രേഞ്ചർ തിങ്സ്.സീരീസിന്റെ സൃഷ്ട്ടാക്കളായ ഡഫർ സഹോദരന്മാർക്കൊപ്പം ഡെഡ്പൂൾ vs വൂൾവെറിൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷോൺ ലെവിയും സീരീസിന്റെ ചില എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നുണ്ട്. ആദ്യ സീസണിൽ കുട്ടികളായിരുന്നു പ്രധാന അഭിനേതാക്കളെല്ലാവരും അവസാന സീസണെത്തിയപ്പോൾ പ്രായപൂർത്തിയായവരാണ് എന്നതും ശ്രദ്ധേയമാണ്. മില്ലി ബോബി ബ്രൗൺ, ഫിൻ വോൾഫ്ഹാർഡ്, ജോ കീറി, നോഹ ഷ്നാപ്പ്, കെലാബ് മക്ക്ലാഫിൻ, ഗേറ്റൻ മറ്ററാസൊ, സാഡി സിങ്ക്, വിനോന റൈഡർ, ഡേവിഡ് ഹാർബർ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.