വർഷങ്ങൾക്ക് ശേഷം രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം എങ്ങനെ ആയിരിക്കും, വലിയ പരിപാടിയിൽ ആഘോഷമായി തന്നെ ആരാധകരെ അറിയിക്കും അല്ലെ, ബോളിവുഡിൽ ആണെങ്കിൽ പറയും വേണ്ട. എന്നാൽ 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ വളരെ കൂളായി വലിയ ക്ലാരിറ്റി പോലും ഇല്ലാത്ത ഒരു ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയി പങ്കുവെച്ചിരിക്കുക്കയാണ് പ്രിയദർശൻ. ഹൈവാൻ എന്നാണ് സിനിമയുടെ പേര്. നേരത്തെ തന്നെ സിനിമയുടെ പേര് ഇതായിരിക്കുമെന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം എത്തിയിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യൻ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്ന ലോർഡ്‌സിൽ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ സിനിമയുടെ ടൈറ്റിൽ അറിയിച്ചിരിക്കുന്നത്. ‘ഹൈവാൻ, ലോർഡ്‌സിൽ അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനുമൊപ്പമുള്ള എന്റെ അടുത്ത ചിത്രം’ എന്നാണ് പ്രിയദർശൻ കുറിച്ചിരിക്കുന്നത്.
2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ഒപ്പ’ത്തിന്റെ ബോളിവുഡ് റീമേക്കാണിതെന്നാണ് സൂചന. അക്ഷയ് കുമാർ ‘ഒപ്പ’ത്തിന്റെ കടുത്ത ആരാധകനായിരുന്നെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓഗസ്റ്റിൽ ആരംഭിച്ചേക്കും. 2008ലാണ് ഏറ്റവും ഒടുവിൽ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിച്ചെത്തിയത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ഒപ്പം’. കാഴ്ചപരിമിതിയുള്ള ലിഫ്റ്റ് ഓപ്പറേറ്ററായ ജയരാമൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. സമുദ്രക്കനിയായിരുന്നു വില്ലൻ വേഷത്തിൽ എത്തിയത്. എന്നാൽ ഹിന്ദിയിൽ മോഹൻലാൽ കഥാപാത്രം ആരാണ് ചെയ്യുന്നതെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ സിനിമയുടേതായി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം, അക്ഷയ് കുമാർ ചിത്രം ഭൂത് ബംഗ്ലായുടെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നാണ് സൂചന. ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും.