MalayalamNews

‘ക്ലാസ്‌മേറ്റ്‌സ് സിനിമയിൽ മുരളി കൊല്ലപ്പെടുന്ന സീനിൽ നരേൻ അല്ല അഭിനയിച്ചത്’, ട്വിസ്റ്റ് പൊട്ടിച്ച് ലാല്‍ ജോസ്

2006ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. കോളേജ് ക്യാമ്പസിലെ സൗഹൃദത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, രാധിക, നരേന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയിൽ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ മുരളി എന്ന കഥാപാത്രമായിട്ടാണ് നരേന്‍ അഭിനയിച്ചിരുന്നത്. ആ കഥാപാത്രം ഇടയ്ക്ക് വെച്ച് കൊല്ലപ്പെടുന്ന സീനുമുണ്ട്. ആ സീനില്‍ അഭിനയിച്ചിരുന്നത് നരേന്‍ ആയിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്.

ആ സീനിൽ നരേനെ ഉപയോഗിക്കാതിരുന്നതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.‘ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനുണ്ടല്ലോ, അതില്‍ അഭിനയിച്ചത് നരേന്‍ അല്ല. എളുപ്പത്തിന് വേണ്ടി നരേനെ അവിടെ വെച്ച് ചെയ്യാവുന്നതേയുള്ളൂ. പക്ഷെ അങ്ങനെ ചെയ്യാതിരുന്നതിന് കാരണമുണ്ട്. നരേനെ അവിടെ കൊണ്ടുവന്നാല്‍ ആ സീന്‍ കാണുന്ന ആളുകള്‍ക്ക് പെട്ടെന്ന് കാര്യം മനസിലാകും. അതുകൊണ്ട് നരേന്റെ ഫ്രെയിമും ഹെയര്‍ സ്റ്റൈലുമുള്ള ഒരാളെയാണ് ഇവിടെ കൊണ്ടുവന്നത്.

ഇവിടെ അയാളുടെ നിഴല്‍ മാത്രമാണ് കാണിക്കുന്നത്. നരേന്‍ ആകാം, അല്ലാതെയുമിരിക്കാം എന്ന കണ്‍ഫ്യൂഷന്‍ അവിടെ ഉണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ സിനിമ അപ്പോള്‍ തന്നെ പൊളിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. സസ്‌പെന്‍സ് പൊളിഞ്ഞു പോകില്ലേ. അതുകൊണ്ടാണ് നരേന് പകരം മറ്റൊരാളെ വെച്ച് ആ സീന്‍ ചെയ്തത്,’ ലാല്‍ ജോസ് പറഞ്ഞു. ക്ലാസ്മേറ്റ്സ് സിനിമ ചെയ്യുമ്പോള്‍ അതില്‍ 90കളിലെ ക്യാമ്പസില്‍ നടക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതുകൊണ്ട് 90കളിലെ ഡ്രസിങ് പാറ്റേണായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാക്കാന്‍ വേണ്ടി ആ കാലത്ത് ഇറങ്ങിയ സിനിമകളാണ് താന്‍ കണ്ടതെന്നും ലാൽ ജോസ് കൂട്ടിച്ചേര്‍ത്തു. ചില സിനിമകളൊക്കെ റെഫറന്‍സ് മെറ്റീരിയല്‍ കൂടിയാണെന്നും ഒരു കാലഘട്ടത്തെയാണ് സിനിമയിലൂടെ കാണിക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button