Malayalam

പുഷ്‍പയിൽ നിന്ന് കാട്ടാളനിലേക്ക്! രാജ് തിരൺദാസുവിനെ ക്ഷണിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ തെലുങ്ക് താരം രാജ് തിരൺദാസുവും. പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദി റൈസി’ൽ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരൺദാസുവിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരുക്കനും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ അസാമാന്യ കഴിവുകൊണ്ടുതന്നെ ‘കാട്ടാളനി’ൽ ഞെട്ടിക്കാൻ കച്ചമുറുക്കി തന്നെയാണ് രാജിന്‍റെ വരവ്. ‘കാട്ടാളന്‍റെ വേട്ടയിൽ ഇനി രാജ് തിരൺദാസും’ എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്.

ബുട്ട ബൊമ്മ, ഭുവന വിജയം, ചക്രവ്യൂഹം, പ്രേമ വിമാനം, ഭഗവന്ത് കേസരി, തില്ലു സ്ക്വയർ, മൈക്കിൾ, പുഷ്പ ദ റൈസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് രാജ് തിരൺദാസു. ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button