MalayalamNews

തുടരുമിനേക്കാൾ ഒരു രൂപ കൂടുതൽ കണ്ണപ്പ നേടും; പരാമർശത്തിന് പിന്നാലെ ട്രോൾ

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. മലയാളത്തിൽ തുടരും സിനിമ നേടിയ കളക്ഷനെക്കാൾ ഒരു രൂപ കൂടുതൽ കണ്ണപ്പ നേടണമെന്ന ആഗ്രഹം തെലുങ്ക് നടൻ മോഹൻ ബാബു പങ്കുവെച്ചിരുന്നു. ഈ ആഗ്രഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളാണ് നിറയുന്നത്.

‘തുടരും സിനിമ മലയാളത്തിൽ നേടിയതിനേക്കാൾ ഒരു രൂപ കൂടുതൽ കണ്ണപ്പ നേടണം. ഇത് പറയാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ, എന്റെ ആഗ്രഹമാണ്. നിങ്ങൾ അതിന് കൂടെ ഉണ്ടാകില്ലേ’ എന്നാണ് മോഹൻ ബാബു ചോദിക്കുന്നത്. നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും എന്നാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും. നടക്കുന്ന കാര്യം വല്ലതും പറയൂ, വെറുതെ ചിരിപ്പിക്കല്ലേ, സിനിമ ഇറങ്ങട്ടെ എന്നിട്ട് കാണാം എന്നൊക്കെയും കമന്‍റുകള്‍ വരുന്നുണ്ട്.

അതേസമയം, വമ്പൻ ബഡ്ജറ്റിൽ ഒരു വിഷ്വൽ ട്രീറ്റ് ആകും കണ്ണപ്പയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹൻലാലിനെയും പ്രഭാസിനെയും അക്ഷയ് കുമാറിനെയും ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറിൽ നിന്ന് ട്രെയ്‌ലർ മികച്ച നിൽക്കുന്നെന്ന അഭിപ്രായമാണ് റിലീസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button