മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ.
1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാളചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്.
റിലീസ് ചെയ്ത എല്ലാ സെന്ററിൽ നിന്നും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോഴും മറ്റു സിനിമകളെ പിന്തള്ളി ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ചിത്രം ഒന്നാമതായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 84.53K ടിക്കറ്റാണ് എമ്പുരാൻ വിറ്റത്.