‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ‘തട്ടും വെള്ളാട്ടം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിടെക്, കാസർഗോൾഡ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരാണ്. ആസിഫ് അലിയെ നായകനാക്കി രണ്ട് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരുടെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്.
കേരള സാഹിത്യ അക്കാദമി ജേതാവായ അഖിൽ കെ ആദ്യമായി തിരക്കഥ നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. തെയ്യം കെട്ടുന്നവന്റെയും തെയ്യം കെട്ടാത്തവന്റെയും ഇടയിൽ നടക്കുന്ന ഈഗോയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്ന ചിത്രത്തിൽ തെയ്യം കലാകാരനായി വേഷമിടുന്നത് ദീപക് പറമ്പോലാണ്. അനൗൺസ്മെന്റ് ടീസറിൽ തന്നെ ദീപക് മികച്ച പ്രകടനം കാഴ്ചവെക്കുന്നു.