2021 ലെ കർണാടക സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു. 777 ചാർലിയിലെ പ്രകടനത്തിന് രക്ഷിത് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മ്യൂട്ട് എന്ന സിനിമയിലെ പ്രകടനത്തിന് അർച്ചന ജോയിസ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. കിരൺരാജ് സംവിധാനം ചെയ്ത 777 ചാർലി നാല് അവാർഡുകളാണ് സ്വന്തമാക്കിയത്. മികച്ച നടൻ, രണ്ടാമത്തെ മികച്ച സിനിമ, മികച്ച എഡിറ്റിംഗ്, മികച്ച ഗാനരചയിതാവ് എന്നീ പുരസ്‌കാരങ്ങളാണ് സിനിമയെ തേടിയെത്തിയത്. രഘു കെഎം ഒരുക്കിയ ദൊഡ്ഡഹട്ടി ബോറെഗൗഡ എന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി.
രത്‌നൻ പ്രപഞ്ച എന്ന സിനിമയ്ക്ക് പ്രമോദും ഉമശ്രീയും മികച്ച സഹനടനും നടിക്കുമുള്ള പുരസ്‌കാരം നേടി. 777 ചാർലിക്ക് പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമറിയിച്ച് പോസ്റ്റുമായി നടൻ രക്ഷിത് ഷെട്ടി എത്തി. ‘ഒരുപാട് സന്തോഷം തോന്നുന്നു. 777 ചാർലിക്ക് നാല് പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടൻ, മികച്ച എഡിറ്റിംഗ്, മികച്ച ഗാനരചയിതാവ് എന്നിവയാണ് ആ അവാർഡുകൾ. പ്രേക്ഷകർക്കും ജൂറിയ്ക്കും ഞങ്ങളുടെ ടീമിനും നന്ദി അറിയിക്കുന്നു’, എന്നാണ് രക്ഷിത് ഷെട്ടി എക്സിൽ കുറിച്ചത്.