ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സിനിമ താരങ്ങളിൽ ഒരാളായിരുന്നിട്ടും 1989 ൽ ദേശീയ അവാർഡ് ദാന ചടങ്ങിനായി എത്തിയപ്പോൾ അപമാനിതനായതിനെക്കുറിച്ച് തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവി. ചടങ്ങിനായി ന്യൂഡൽഹി സന്ദർശിച്ചപ്പോൾ തനിക്ക് അപമാനം തോന്നിയതായി മുമ്പൊരിക്കൽ ചിരഞ്ജീവി വ്യക്തമാക്കിയിട്ടുണ്ട്. 1989ലാണ് അദ്ദേഹത്തിന്റെ ‘രുദ്രവീണ’ എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് അവാർഡ് ലഭിച്ചത്. മറ്റ് ഭാഷ വ്യവസായങ്ങളിൽ നിന്നുള്ള വിപുലമായ സംഭാവനകളെ അവഗണിച്ചുകൊണ്ട് പല ഉദ്യോഗസ്ഥന്മാരും ഇന്ത്യൻ സിനിമയെ ഹിന്ദി സിനിമകളുമായി മാത്രം തുലനം ചെയ്യുന്നതായി തോന്നുന്നു എന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടു.
അവാർഡ് ദാന ചടങ്ങിന് മുമ്പ് സർക്കാർ ഒരുക്കിയ ചായ സൽക്കാരത്തിന്‍റെ ഓർമകളും നടൻ പങ്കുവെച്ചു. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, അമിതാഭ് ബച്ചൻ തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ നിറഞ്ഞ ഒരു ഗാലറിയിലൂടെയാണ് താൻ നടന്നതെന്ന് അദ്ദേഹം ഓർത്തു. എന്നാൽ ചിത്രങ്ങളിൽ ഒരു ദക്ഷിണേന്ത്യൻ താരത്തെ കാണുമെന്ന് പ്രതീക്ഷിച്ച് നടത്തം തുടർന്നു, പക്ഷേ എം.ജി.ആർ, ജയലളിത, പ്രേം നസീർ എന്നിവരുടെ കുറച്ച് സ്റ്റില്ലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
‘അവർ അതിന് സൗത്ത് ഫിലിംസ് എന്ന് പേരിട്ടു. അത്രയേ ഉള്ളൂ. രാജ്കുമാർ, വിഷ്ണുവർദ്ധൻ, എൻ. ടി. രാമറാവു, നാഗേശ്വര റാവു, ശിവാജി ഗണേശൻ തുടങ്ങിയ അതികായന്മാരെയോ, നമ്മുടെ സിനിമ വ്യവസായങ്ങളിലെ ഇതിഹാസ ചലച്ചിത്ര പ്രവർത്തകരോ അങ്ങനെ ആരും ഇല്ല. ആ നിമിഷം എനിക്ക് വളരെ അപമാനം തോന്നി. മറ്റ് സിനിമകളെ ‘പ്രാദേശിക സിനിമകൾ’ എന്ന് തരംതിരിച്ച്, അവർ ഹിന്ദി സിനിമയെ ഇന്ത്യൻ സിനിമയായി ചിത്രീകരിച്ചു’ -അദ്ദേഹം പറഞ്ഞു.
2024-ൽ രാജീവ് മസന്ദുമായുള്ള സംഭാഷണത്തിനിടെ, ഹിന്ദി സിനിമയുടെ ആധിപത്യം ചുവരുകളിലെ ഇമേജറികളിൽ പ്രതിഫലിക്കുന്നത് കാണുന്നത് എത്രമാത്രം അസ്വസ്ഥതയുണ്ടാക്കി എന്ന് ചിരഞ്ജീവി ആവർത്തിച്ചു. എസ്.എസ്. രാജമൗലിയുടെ ബാഹുബലി പോലുള്ള പാൻ-ഇന്ത്യ സിനിമകളുടെ വിജയം ആ തടസങ്ങൾ തകർക്കാൻ സഹായിച്ചുവെന്നും, പ്രാദേശിക സിനിമക്ക് ദേശീയ വേദിയിൽ അർഹത ലഭിക്കാൻ ഇത് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.