35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമായ ‘തഗ് ലൈഫി’ന്‍റെ ട്രെയിലർ പുറത്ത്. വരാനിരിക്കുന്നത് ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും എന്നതാണ് ട്രെയിലർ നൽകുന്ന സൂചന. കമൽഹാസന്‍റെ വിവിധ ഗെറ്റപ്പുകൾ ട്രെയിലറിൽ കാണാം. ചിത്രത്തിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ട്രെയിലർ പുറത്തിറക്കി.
രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2022 ലാണ് തഗ് ലൈഫ് പ്രഖ്യാപിച്ചത്. കമൽഹാസന്റെ നായകനെന്ന നിലയിലെ 234-ാമത്തെ ചിത്രമാണിത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് റദ്ദാക്കിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മേയ് 24 ലേക്ക് മാറ്റി. തഗ് ലൈഫ് ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തും.