ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങി നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ചിത്രമാണ് ‘വട ചെന്നൈ’. ചിത്രത്തിന്റെ സീക്വലുണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. നിരവധി വേദികളിൽ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകർ ചോദിച്ചെങ്കിലും അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെപ്പറ്റി ഒരു ചെറിയ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ. സിലമ്പരശനുമായി ഇപ്പോൾ ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ വടചെന്നൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് വെട്രിമാരൻ പറയുന്നത്. ‘
ധനുഷ് സാർ ആണ് വടചെന്നൈയുടെ നായകനും നിർമാതാവും. അദ്ദേഹം സിനിമ അടുത്ത വർഷം വരുമെന്ന് പറഞ്ഞെങ്കിൽ വരും. എനിക്ക് ഇപ്പോൾ കലൈപുലി എസ് താനു സാറുമായി ഒരു കമ്മിറ്റ്മെന്റ് ഉണ്ട്. അത് കഴിഞ്ഞാൽ ഉടൻ വെൽസ് ഇന്റർനാഷണലിന് വേണ്ടി ധനുഷുമായി ഒരു സിനിമയ്ക്ക് ജോയിൻ ചെയ്യും’, വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, സിമ്പുവിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രം വടചെന്നൈയുടെ പ്രീക്വൽ ആയിട്ടാണ് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വടചെന്നൈയിൽ സംവിധായകൻ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്രീന് ടൈം ചെറുതായിരുന്നെങ്കിലും സിനിമയിലെ രാജന്റെ ഭാഗങ്ങൾ കയ്യടി നേടിയിരുന്നു. തുടർന്ന് രാജൻ എന്ന കഥാപാത്രത്തിനെ പശ്ചാത്തലമാക്കി ഒരു സ്പിൻ ഓഫ് സിനിമ വരുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ചിത്രമാണ് സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. ‘രാജൻ വാഗൈയരാ’ എന്നാണ് ഈ കഥയുടെ പേരെന്നും എക്സിൽ പലരും കുറിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.