മലയാളത്തിലും തമിഴിലും വലിയ ആരാധകവൃന്ദമുള്ള നടനാണ് ചിയാൻ വിക്രം. അദ്ദേഹം നായകനായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ വീര ധീര സൂരന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. എസ് യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ആഗോളതലത്തിൽ ചിത്രം 52 കോടിയോളം നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ഏപ്രിൽ 24 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എംപുരാനൊപ്പം മാർച്ച് 27 നായിരുന്നു വീര ധീര സൂരനും തിയറ്ററുകളിൽ എത്തിയിരുന്നത്. തമിഴ്നാട്ടില്‍ എംപുരാനെക്കാളും കളക്ഷന്‍ ചിത്രം നേടുകയും ചെയ്തു. ചിത്രത്തിലെ വിക്രമിന്റെ പെർഫോമൻസിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കാളി എന്ന കഥാപാത്രമായാണ് വിക്രം ചിത്രത്തിലെത്തിയത്.
വിക്രമിന്റെ അടുത്തകാലത്ത് ഇറങ്ങിയ സോളോ ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രവും വീര ധീര സൂരൻ ആണെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയർന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ എന്നിവരും വിക്രമിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയിലെ ആക്ഷൻ സീനുകൾക്കും കൈയടി ലഭിച്ചിരുന്നു.
ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തിയത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമാണം. എംപുരാനും ഏപ്രിൽ 24 നാണ് ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങുന്നത്. ജിയോ ഹോട്ട്സ്റ്റാർ വഴിയാണ് എംപുരാൻ പ്രേക്ഷകരിലേക്കെത്തുക.