Chithrabhoomi

46 വർഷങ്ങൾക്ക് ശേഷം ജയനും ശരപഞ്ജരവും വീണ്ടുമെത്തുന്നു

സിനിമാ മേഖലയിൽ റിലീസ് ട്രെൻഡ് തുടങ്ങിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഉൾപ്പെടെ നിരവധി സിനിമകളാണ് റീ റിലീസായെത്തിയത്. 46 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ സൂപ്പർ താരമായിരുന്ന ജയന്റെ ചിത്രമാണിപ്പോൾ റീ റിലീസിന് ഒരുങ്ങുന്നത്. ജയൻ നായകനായി എത്തിയ ‘ശരപഞ്ജരം’ ആണ് വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്റിൽ എത്തുന്നത്.

ചിത്രം ഈ മാസം 25ന് തിയറ്റുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ട്രെയ്‌ലറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. 1979 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ശരപഞ്ജരം’. ഹരിഹരന്‍ ആയിരുന്നു സംവിധാനം. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഇതായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്.

ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‍കരന്‍, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സിനിമ വീണ്ടും തിയറ്ററുകളിലെത്തിക്കുന്നതെന്നും ജയന്റെ മീന്‍ എന്ന സിനിമയും ദൃശ്യമികവോടെ വീണ്ടും ഇറക്കുമെന്നും വിതരണക്കാര്‍ പറഞ്ഞു. മലയാളത്തിൽ റീ റിലീസ് ചെയ്യുന്ന എട്ടാമത്തെ സിനിമയാണ് ശരപഞ്ജരം. ഒരു വടക്കൻ വീര​ഗാഥ ഉള്‍പ്പടെയുള്ള മമ്മൂട്ടി സിനിമകൾക്ക് പുറമെ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ മോഹൻലാൽ സിനിമകളും റീ റിലീസ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button