കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് തിയേറ്ററിലെത്തിയിരിക്കുകയാണ്. കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈപ്പ്. ചിത്രത്തിന്റെ പ്രേക്ഷകപ്രതികരണങ്ങൾ പുറത്തുവരുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മണിരത്‌നത്തിന്റെ ഏറ്റവും മോശം സിനിമയാണ് തഗ് ലൈഫെന്നും നായകന് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഇതിലും മികച്ച സിനിമയായിരുന്നു പ്രതീക്ഷിച്ചതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
സിനിമയുടെ ആദ്യ പകുതി തരക്കേടില്ലെന്നും എന്നാൽ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമാണ് കമന്റുകൾ. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. അതേസമയം, പ്രകടനങ്ങളിൽ സിലമ്പരശൻ മികച്ചുനിൽക്കുന്നെന്നും കമൽ ഹാസൻ രണ്ടാം പകുതിയിലെ ചില ഭാഗങ്ങളിൽ താഴേക്ക് പോകുന്നെന്നും പ്രേക്ഷകർ പറയുന്നു. തൃഷയുടെ കഥാപാത്രത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമയുടെ വിഷ്വലുകൾ ഗംഭീരമാണെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ കട്ട് ചെയ്തതിലും പ്രേക്ഷകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്.
രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.