ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമ്മശാസ്താ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി ഉൾപ്പടെ നിരവധി താരങ്ങൾ ഭാഗമായ രംഗം ചിത്രീകരിച്ചു കൊണ്ടാണ് രണ്ടാംഘട്ടം തുടങ്ങിയത്.
ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണം തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായാണ് ചാർട്ടു ചെയ്തിരിക്കുന്നത്.
മലേഷ്യാ, മക്കാവു എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും, സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ച് എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി അറിയിച്ചു.
മീനച്ചിൽ താലൂക്കിൽ ബിസിനസ് , സാമൂഹ്യ, ആധ്യാത്മിക രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ ജീവിതമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമെ ഇന്ദ്രജിത്ത് സുകുമാരൻ ,ചെമ്പൻ വിനോദ്, ലാലു അലക്സ് വിജയരാഘവൻ, ജോണി ആൻ്റണി ,ബിജു പപ്പൻ, മേഘനാ രാജ്, പുന്നപ്ര അപ്പച്ചൻ തുടങ്ങി നീണ്ട താരനിരയാണ് സിനിമയിലുള്ളത്.