Malayalam

എട്ട് വർഷം മുമ്പ് അനൗൺസ് ചെയ്ത സിനിമ, പൃഥ്വിരാജിന്റെ കാളിയൻ ഇനി വൈകില്ല

ഉറുമി എന്ന ചിത്രത്തിന് ശേഷം ചരിത്ര പുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കാളിയൻ. 8 വർഷം മുമ്പ് അനൗൺസ് ചെയ്ത സിനിമയുടെ മോഷൻ പോസ്റ്ററും ഡയലോ​ഗ് ടീസറുമെല്ലാം പുറത്തുവന്നിരുന്നു. എന്നാൽ കുറച്ച് കാലമായി സിനിമയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമ ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ നീണ്ട ​ഗവേഷണത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം ബി ടി അനിൽകുമാർ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. 2018 പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്. സുജിത് വാസുദേവ് ആണ് ക്യാമറ. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സം​ഗീതം ഒരുക്കിയ രവി ബസ്‍റൂറാണ് കാളിയനിലും പ്രവർത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു.

അനാർക്കലിക്ക് ശേഷം രാജീവ് ​ഗോവിന്ദർ നിർമ്മിക്കുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാളിയൻ.നേരത്തെ ഒരു അഭിമുഖത്തിൽ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നത് സിനിമയുടെ ചിത്രീകരണം തുടങ്ങിയാൽ തടസം ഇല്ലാതെ ഷൂട്ട് ചെയ്യാൻ സാധിക്കണം എന്നായിരുന്നു. കാളിയൻ തന്റെ സ്വപ്ന പ്രൊജക്റ്റ് ആണെന്നും ഭയങ്കരമായി മനസ്സിൽ താലോലിച്ച്‌ കൊണ്ട് നടക്കുന്ന തിരക്കഥയാണ് സിനിമയുടേതെന്നും നടൻ പറഞ്ഞിരുന്നു. വളരെ വലിയ സിനിമ ആയത് കൊണ്ട് തന്നെ പരിമിതമായ സാഹചര്യത്തിൽ ഷൂട്ട് ചെയ്യുവാൻ സാധിക്കില്ല. അതുകൊണ്ട് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വർക്ക്‌ തുടങ്ങും എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button