ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ഹൗസ്ഫുൾ’. ഫ്രാഞ്ചൈസിയിലെ അഞ്ചാം ഭാഗം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമ ആദ്യ ദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 22 കോടി രൂപ നേടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ 2025 ലെ മികച്ച ആദ്യ ദിന കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം സിനിമ നേടിയിരിക്കുകയാണ്.
ഛാവയാണ് പട്ടികയിൽ ഒന്നാമതുള്ളത്. വിക്കി കൗശൽ, രശ്മിക മന്ദാന, അക്ഷയ് ഖന്ന എന്നിവർ അഭിനയിച്ച സിനിമ ആദ്യദിനത്തിൽ 29.50 കോടിയാണ് നേടിയത്. 25 കോടിയുമായി സൽമാൻ ഖാന്റെ സിക്കന്ദറാണ് പട്ടികയിൽ രണ്ടാമത്. ഈ സിനിമയ്ക്ക് പിന്നാലെ മൂന്നാം സ്ഥാനത്തേക്ക് ഹൗസ്ഫുൾ 5 ഇടം പിടിച്ചിരിക്കുകയാണ്.മാത്രമല്ല ഹൗസ്ഫുൾ ഫ്രാഞ്ചൈസിയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ കൂടിയാണിത്. ഹൗസ്ഫുൾ 4 -19.08 കോടി രൂപ, ഹൗസ്ഫുൾ 3-15.25 കോടി രൂപ, ഹൗസ്ഫുൾ 2-12.1 കോടി രൂപ, ഹൗസ്ഫുൾ-9.3 കോടി രൂപ എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തിരുന്നത്.
ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തിയത്. രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമാണ്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളാണ് കൊലയാളികളാകുന്നത്.അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.