തുടരും സിനിമയ്ക്ക് ശേഷം ചെയ്യാനൊരുങ്ങുന്ന അടുത്ത ചിത്രത്തെ കുറിച്ച് അപ്ഡേറ്റ് നൽകി തരുൺ മൂർത്തി. ബിനു പപ്പുവിനൊപ്പം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുമെന്ന് തരുൺ മൂർത്തി പറഞ്ഞു. ബിനു പപ്പു ഒരുക്കുന്ന തിരക്കഥയിൽ ആഷിഖ് ഉസ്മാനാണ് സിനിമ നിർമിക്കുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് തരുണിന്റെ പ്രതികരണം.
‘തുടരും സിനിമയ്ക്ക് ശേഷം അടുത്ത സിനിമ ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്. അത് തുടരും. ബിനു ചേട്ടൻ എഴുതുന്ന ചിത്രമാണ്, ഞാനാണ് സംവിധാനം ചെയുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമിക്കുന്നത്. അത് കുറേ കാലമായി കരകമ്പിയുള്ള സിനിമയാണ്’, തരുൺ പറഞ്ഞു. അഭിനേതാകളെക്കുറിച്ചോ സിനിമയെ സംബന്ധിച്ച മറ്റു വിവരങ്ങളോ ഇരുവരും പങ്കുവെച്ചിട്ടില്ല.
അതേസമയം, തുടരും സിനിമ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമയുടെ അണിയറപ്രവർത്തകരും. എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയിൽ നേടിയതായാണ് റിപ്പോർട്ട്.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.