ആമിർ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് ആദ്യ പ്രതികരണങ്ങൾ. ബോക്സ് ഓഫീസിൽ രണ്ടാം ദിവസം സിനിമ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന കണക്കുകളാണ് പുറത്തുവരുന്നത്.
പതിയെ തുടങ്ങിയ സിനിമ ആദ്യ ദിനം ബോക്സ് ഓഫീസിൽ നിന്ന് 10.50 കോടി നേടിയെന്നാണ് വിവിധ ബോളിവുഡ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡിലെ ഈ വർഷത്തെ ആറാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്. മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ സിനിമയ്ക്ക് തിരക്കേറുന്നുണ്ട്. അതേസമയം, രണ്ടാം ദിവസമായ ഇന്ന് കളക്ഷനിൽ വലിയ കുതിപ്പാണ് സിനിമ ഉണ്ടാക്കുന്നത്. പല തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. രണ്ടാം ദിനം ആദ്യ ദിവസത്തേക്കാൾ ഇരട്ടി കളക്ഷൻ സിനിമ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡബിൾ മീനിംഗിന്റെയോ കളിയാക്കലുകളുടെയോ അകമ്പടിയില്ലാതെയാണ് സിത്താരെ സമീൻ പറിലെ തമാശകൾ ഒരുക്കിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ നല്ലൊരു അനുഭവം ആയി മാറുന്നു എന്നാണ് ബോളിവുഡ് ക്രിട്ടിക് ആയ അൻമോൽ ജംവാൽ എക്സിൽ കുറിച്ചിരിക്കുന്നത്. ചിത്രം മുൻ ആമിർ ഖാൻ സിനിമകളെപ്പോലെ നിരാശപ്പെടുത്തിയില്ലെന്നും കമന്റുകളുണ്ട്. ഉറപ്പായും സിത്താരെ സമീൻ പർ പ്രേക്ഷകരെ കരയിപ്പിക്കുമെന്നും വളരെ ഗംഭീരമായിട്ടാണ് സിനിമയിലെ ഇമോഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നും അഭിപ്രായങ്ങളുണ്ട്.
ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് ‘സിത്താരെ സമീൻ പർ’ എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ – എഹ്സാൻ – ലോയ് ആണ് സംഗീതം.