നടൻ ശിവയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന സിനിമയാണ് പറന്ത് പോ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമയായായി ഒരുങ്ങുന്ന സിനിമ നാളെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയർ ഷോകൾ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും കേരളത്തിലും നടത്തിയിരുന്നു. ഗംഭീര ആദ്യ പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. റാമിന്റെ മുൻ സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് പറന്ത് പോ എന്നും ചിത്രം ബോക്സ് ഓഫിസിൽ വലിയ വിജയം അർഹിക്കുന്നു എന്നുമാണ് കമന്റുകൾ.
വളരെ സീരിയസ് ആയ വിഷയം ലൈറ്റ് ആയി തമാശയുടെയും ഡ്രാമയുടെയും അകമ്പടിയോടെയാണ് റാം അവതരിപ്പിക്കുന്നത് എന്നാണ് അഭിപ്രായങ്ങൾ. നടൻ ശിവയുടെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഇരുപതോളം ഗാനങ്ങൾ ആണ് സിനിമയിലുള്ളത് എന്നാൽ അത് ഒരു തരത്തിലും ആസ്വാദനത്തെ ബാധിക്കില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. കുറേ നാളുകൾക്ക് ശേഷമാണ് ഇത്രയും ചിരിക്കുന്നതെന്നും റാമിൽ നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.
ഗ്രേസ് ആന്റണി, അജു വർഗീസ്, മിഥുൽ റയാൻ, അഞ്ജലി, വിജയ് യേശുദാസ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. 2025 ഫെബ്രുവരി 4 ന് റോട്ടർഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു അവിടെ നിന്നും ലഭിച്ചത്. നടൻ അജു വർഗീസിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് പറന്ത് പോ. സന്തോഷ് ദയാനിധിയും യുവൻ ശങ്കർ രാജയും ചേർന്നാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്, ഛായാഗ്രഹണം എൻ കെ ഏകാംബരവും എഡിറ്റിംഗ് മതി വി എസും കൈകാര്യം ചെയ്തു. തമിഴ്‌നാട്ടിലും കേരളത്തിലുമാണ് ഈ സിനിമ ചിത്രീകരിച്ചത്.