ഒരു പ്രേക്ഷകൻ എന്ന നിലയിൽ താൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് മധു സി നാരായണന്റെ സിനിമയ്ക്ക് വേണ്ടിയാണെന്ന് ഷെയിൻ നിഗം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും അദ്ദേഹം അങ്ങനെ ആരോടും സംസാരിക്കാറില്ലെന്നും നടൻ പറഞ്ഞു. കൂടാതെ ഒരു പുതിയ പടം വരുന്നുണ്ടെന്നും ഷെയിൻ കൂട്ടിച്ചേർത്തു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ നിഗം ഇക്കാര്യം പറഞ്ഞത്.
‘ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് മധു ചേട്ടന്റെ പടത്തിന് വേണ്ടിയാണ്. മധു ചേട്ടൻ അങ്ങനെ ആരോടും സംസാരിക്കാറില്ല, അദ്ദേഹം വളരെ സ്വീറ്റ് വ്യക്തിയാണ് ഒരു പിന്നെ അവിടെ ശ്യാം ചേട്ടൻ ദിലീഷ് ചേട്ടൻ ഒക്കെ ഉണ്ടായിരുന്നു. ഒരുപാട് ഒച്ചയും ബഹളവുമില്ലാതെ തന്നെ നൈസ് ആയിട്ട് എങ്ങനെ സിനിമ ഷൂട്ട് ചെയ്യാമെന്ന് കണ്ട സെറ്റാണ് കുമ്പളങ്ങി നൈറ്റ്സ്. മധു ചേട്ടന്റെ ഒരു പടം വരുന്നുണ്ട്’, ഷെയിൻ പറഞ്ഞു.
അതേസമയം, ഷെയിൻ നിഗം നായകനായി എത്തിയ ‘ബൾട്ടി’ തിയേറ്ററുകൾ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.