വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിന്റെ വാടിവാസൽ എന്ന സിനിമയ്ക്കായി തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്ന ചോദ്യം സൂര്യ ആരാധകർ എപ്പോഴും ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് നിരാശയേകി സിനിമ ഉപേഷിച്ചുവെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. പ്രശസ്ത സിനിമാ ട്രാക്കർ എ ബി ജോർജിന്റെ ട്വീറ്റിനെ ഉദ്ധരിച്ച് പിങ്ക് വില്ല ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സിമ്പുവിനെ നായകനാക്കി വെട്രിമാരൻ മറ്റൊരു പ്രോജക്ടിന് കൈകൊടുത്തുവെന്നും വി പ്രൊഡക്ഷൻസ് ഈ ചിത്രം നിർമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വാടിവാസൽ പൂർണമായും ഉപേക്ഷിച്ചുവെന്ന ഔദ്യോഗിക അപ്ഡേറ്റുകളൊന്നും നിർമ്മാതാക്കളുടെ ഭാഗത്തു നിന്ന് ഇതുവരെ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷ കൈവിടാതെ ഇരിക്കുകയാണ് സൂര്യ ആരാധകർ.
അതേസമയം, വെങ്കി അറ്റ്ലൂരി സംവിധാനം ചെയുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോൾ. സൂര്യയുടെ നായികയാകുന്നത് മമിത ബൈജുവാണ്. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. സൂര്യ46 എന്ന് താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരോ പ്രമേയ സ്വഭാവമോ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോഷാക്ക്, കുറുപ്പ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.