ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതോടെ ആരാധകരുടെ പ്രതീക്ഷ രണ്ടിരട്ടിയായി ഉയര്‍ന്നു. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ പ്രമോഷൻ പരിപാടികളും തകൃതിയായി നടക്കുകയാണ്. ഹൈദരാബാദിൽ വെച്ച് നടന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ലോകേഷ് കനകരാജിനെ രാജമൗലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് രജനികാന്ത്.
‘ലോകേഷ് കനകരാജ് തമിഴ് നാടിൻറെ രാജമൗലിയാണ്. എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണ്,’ രജനികാന്ത് പറഞ്ഞു. നാഗാർജുന അവതരിപ്പിക്കുന്ന സൈമൺ എന്ന കഥാപാത്രം ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നതായും രജനികാന്ത് വെളിപ്പെടുത്തി. ‘സൈമൺ എന്ന കഥാപാത്രമായ നാഗാർജുനയാണ് ഏറ്റവും വലിയ ആകർഷണം. സിനിമയുടെ കഥ കേട്ടപ്പോൾ, സൈമൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. വില്ലൻ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സൈമൺ വളരെ സ്റ്റൈലിഷാണ്. നാഗാർജുന ആ വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പണമല്ല കാര്യം, അയാൾ അത്തരത്തിലുള്ള ആളല്ല. ഒരുപക്ഷേ അയാൾ ചിന്തിച്ചിട്ടുണ്ടാകാം, ‘ഞാൻ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം’ എന്ന്,’ രജനികാന്ത് പറഞ്ഞു.
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.