മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തീയേറ്ററില്‍ മുന്നേറുകയാണ്. സിനിമയില്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ച സീനുകളില്‍ ഒന്നായിരുന്നു പോലീസ് സ്റ്റേഷനിലെ മോഹന്‍ലാലിന്റെ ഫൈറ്റ് സീന്‍. കടുത്ത പനിയിലാണ് അദ്ദേഹം ഈ സീനില്‍ അഭിനയിച്ചതെന്ന് പറയുകയാണ് നിര്‍മാതാവ് രഞ്ജിത്. വിശ്രമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍മാതാവിന് നഷ്ടം വരുമെന്ന് പറഞ്ഞെന്നും ഹെവി ഡോസ് മരുന്ന് കഴിച്ചാണ് അദ്ദേഹം ഫൈറ്റ് ചെയ്തതെന്നും രഞ്ജിത് പറഞ്ഞു. വണ്‍ ടു ടോക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ലാലേട്ടന്‍ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരാള്‍ക്കും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. രാത്രി മുഴുവന്‍ ഷൂട്ടില്‍ ആയിരുന്നു. അതും മഴ നനഞ്ഞു കൊണ്ടുള്ള ഷൂട്ട്. എത്രയോ മണിക്കൂറുകളാണ് ലാലേട്ടന്‍ മഴയത്ത് നിന്നത്. പലപ്പോഴും പനി പിടിച്ചാണ് അദ്ദേഹം ഷൂട്ടിന് നിന്നത്. പോലീസ് സ്റ്റേഷനിലെ ഫൈറ്റ് എടുക്കുമ്പോള്‍ നടന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.അന്ന് ആ സീന്‍ ചെയ്യുന്നതിന്റെ രണ്ടാം ദിനം എനിക്ക് രാവിലെ ഒരു ഫോണ്‍ കോള്‍ വന്നു ‘ രഞ്ജിത്തേ കുഴഞ്ഞല്ലോ. എനിക്ക് ഗംഭീര പനിയാണ്’ എന്നാണ് ഫോണില്‍ ലാലേട്ടന്‍ പറഞ്ഞത്. ഞാന്‍ തൊട്ടടുത്ത മുറിയില്‍ ആയിരുന്നു ഉണ്ടായിരുന്നത്.
അടുത്ത ചെന്ന് തൊട്ടു നോക്കുമ്പോള്‍ ആള്‍ക്ക് നല്ല പനിയാണ്. ‘എനിക്ക് തീരെ പറ്റുന്നില്ല എന്താണ് ചെയ്യുക എന്ന് ലാലേട്ടന്‍ ചോദിച്ചു’ ഇന്ന് ഷൂട്ട് വേണ്ട എന്നായിരുന്നു എന്റെ മറുപടി. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല.അതുവേണ്ട, ഇത്രയും ആളുകളെ വെയ്റ്റ് ചെയ്യിക്കാന്‍ പറ്റില്ല, ഞാന്‍ എന്തായാലും നോക്കട്ടെ, ഇല്ലെങ്കില്‍ വലിയ നഷ്ടം വരും. എന്നായിരുന്നു ലാലേട്ടന്‍ അന്ന് പറഞ്ഞത്. അതൊന്നും പ്രശ്‌നം ഇല്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. എന്റെ മുന്നില്‍ വെച്ചാണ് ലാലേട്ടന്‍ ഡോക്ടറിനെ വിളിക്കുന്നതും ഹൈ ഡോസ് മരുന്ന് വാങ്ങി കഴിക്കുന്നതും. ശേഷം ഞങ്ങള്‍ ഒരുമിച്ചാണ് സെറ്റിലേക്ക് പോയത്. അതില്‍ ചാടുന്ന സീനൊക്കെ ഈ പനിയും വെച്ചാണ് ചെയ്തത്. എനിക്ക് അത് ആലോചിക്കാന്‍ പോലും പറ്റുന്നില്ല,’ രഞ്ജിത് പറഞ്ഞു.