ഒരു മുഴുനീളൻ കോമഡി പടം. സജിൻ ഗോപു-അനശ്വര കോംബോയിലിറങ്ങിയ പൈങ്കിളിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഫ്രഷ്‌നെസ് നിറഞ്ഞ ലവ് സ്റ്റോറിയെന്ന അണിയറപ്രവത്തകരുടെ അവകാശവാദത്തോട് നൂറുശതമാനം നീതി പുലർത്തുന്ന ചിത്രമാണ് പൈങ്കിളി.
ഒരു പക്കാ ഫാമിലി എന്റർടെയിനറാണ് പൈങ്കിളി. തുടക്കം മുതൽ ഒടുക്കം വരെ മനസ്സുനിറഞ്ഞ് ചിരിക്കാനുള്ളത് സിനിമയിലുണ്ട്. എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് ഒളിച്ചോടണമെന്ന ഒറ്റചിന്തയിൽ നടക്കുന്ന നായികയും കൈ തൊടുന്നതെല്ലാം വയ്യാവേലിയാകുന്ന നായകനും. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ കണ്ടുമുട്ടുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന അതീവരസകരമായ മുഹൂർത്തങ്ങളാണ് പൈങ്കിളി.
പറയത്തക്ക പണിയൊന്നുമില്ലാത്ത,സ്വന്തം വീടിന് ഗുണമില്ലെങ്കിലും നാട്ടുകാർക്ക് ഗുണമുള്ള സുകു സുജിത്ത്കുമാറാണ് പൈങ്കിളിയിലെ നായകൻ. ഫെയ്സ്ബുക്കിൽ പൈങ്കിളി സാഹിത്യമൊക്കെയെഴുതി തട്ടിമുട്ടി ജീവിക്കുന്നതിനിടയിൽ സുകു ഒരു യാത്രയ്ക്കിറങ്ങുന്നു. ഊഹിച്ചത് പോലെ തന്നെ യാത്രയ്ക്കിടയിൽ നല്ലൊരു പണി കിട്ടുന്നു. പിറകേ വീണ്ടും വീണ്ടും പണികൾ. അതിനിടയിലാണ് മറ്റൊരു തലവേദനയായി ഷീബയുടെ എൻട്രി. ശേഷം സ്ക്രീനിൽ.