Chithrabhoomi

‘ബ്രോമാൻസ്’ കോമഡിയും ത്രില്ലും നിറച്ച ആഘോഷക്കാഴ്ച

കോമഡിയും ആക്ഷനും ത്രില്ലും ആഘോഷവും ആർപ്പുവിളിയും നിറഞ്ഞ ഒരു റോളർകോസ്റ്റർ റൈഡ്. അരുൺ.ഡി.ജോസ് സംവിധാനംചെയ്ത ബ്രോമാൻസ് എന്ന ചിത്രത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. തോമസ്.പി.സെബാസ്റ്റ്യനും രവീഷ് നാഥുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വലിയ താരനിര അണിനിരന്ന ചിത്രം പ്രേക്ഷകനെ ആദ്യാവസാനം രസിപ്പിച്ച് പിടിച്ചിരുത്തുക എന്ന ഉ​ദ്ദേശത്തോടെയാണ് തിയേറ്ററുകളിലെത്തിയത്. ആ ഉദ്യമത്തിൽ ബ്രോമാൻസ് വിജയം കണ്ടിരിക്കുന്നു എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കട്ടേ.

കാണാതായ ഷിന്റോ എന്ന ചെറുപ്പക്കാരനെ അന്വേഷിച്ച് സഹോദരൻ ബിന്റോ, ഷിന്റോയുടെ സുഹൃത്തുക്കളായ ഷബീർ, ഐശ്വര്യ, ​ഗുണ്ടയായ കൊറിയർ ബാബു, ഹരിഹരസുതൻ എന്ന എത്തിക്കൽ ഹാക്കർ എന്നിവർ നടത്തുന്ന അത്യന്തം രസാവഹവും സാഹസികവുമായ യാത്രയാണ് ബ്രോമാൻസിന്റെ കാതൽ. ഈ യാത്രയിൽ ഇവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും കണ്ടുമുട്ടുന്ന വ്യക്തികളുമാണ് ചിത്രത്തെ കോമഡി-ത്രില്ലർ എന്ന ​തലത്തിലേക്കുയർത്തുന്നത്. തന്റെ മുൻചിത്രങ്ങളായ ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി സാമാന്യം വലിയ ക്യാൻവാസിൽത്തന്നെയാണ് അരുൺ.ഡി.ജോസ് ബ്രോമാൻസ് ഒരുക്കിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളുടെ എണ്ണത്തിലും കഥാപശ്ചാത്തലത്തിലുമെല്ലാം ഈ വലിപ്പം കാണാനാവും.

ആളുകളെ ചിരിപ്പിക്കാനാണ് ബു​ദ്ധിമുട്ടെന്ന് സിനിമാരം​ഗത്തെ പല കലാകാരന്മാരും സാങ്കേതിക വിദ​ഗ്ധരും എത്രയോ കാലമായി പറയുന്നതാണ്. ആ ബുദ്ധിമുട്ടിനെ അരുൺ.ഡി.ജോസും സംഘവും നിഷ്പ്രയാസം മറികടക്കുന്നുണ്ട്. സിനിമ തുടങ്ങി അഞ്ചുമിനിറ്റിനുള്ളിൽത്തന്നെ ചിത്രം കോമഡിയുടെ ട്രാക്കിലേക്ക് കയറുന്നുണ്ട്. പിന്നീട് ഒരിടത്തുപോലും സിനിമ ഡൗണാവുന്നില്ല എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അതിവേ​ഗം പോകുന്ന ഒരു വാഹനത്തിലിരിക്കുന്നതുപോലെയാണ് സിനിമയുടെ സഞ്ചാരം. ആവശ്യമായ ഇടങ്ങളിൽ മാത്രം പതിയെ ബ്രേക്ക് ചവിട്ടി, വീണ്ടും മുന്നോട്ടുകുതിക്കുകയാണ് ചിത്രം. കണ്മുന്നിൽ കാണുന്ന കാഴ്ചയിൽ മതിമറന്ന് ഇരിക്കാനും അതിനിടയിൽ ലോജിക്കിനൊന്നും പ്രസക്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്യുന്ന, ആദ്യാവസാനം വിനോ​ദം മാത്രം ലക്ഷ്യംവെയ്ക്കുന്ന ചില ചിത്രങ്ങളുണ്ടല്ലോ. ആ ​ഗണത്തിലാണ് ബ്രോമാൻസിനേയും ഉൾപ്പെടുത്തേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button