മലയാള സിനിമയെ വാനോളം പുകഴ്ത്തി ദി എലിഫന്റ് വിസ്പറേഴ്സിലൂടെ ഓസ്കർ പുരസ്കാരത്തിനർഹയായ നിർമ്മാതാവ് ഗുനീത് മോംഗ. യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ രാജ്യത്ത് ഏറ്റവും മികച്ച സിനിമകൾ ഉണ്ടാകുന്നത് മലയാളത്തിൽ നിന്നാണെന്നാണ് ഗുനീത് മോംഗ പറയുന്നത്. “മലയാള സിനിമ അതിശയിപ്പിക്കുന്നത് അവരുടെ സിനിമകളുടെ ഒറിജിനാലിറ്റിയും, ധീരമായ പ്രതിപാദ്യങ്ങളുമാണ്. മഞ്ഞുമ്മൽ ബോയ്സ് പോലൊരു ചിത്രം ഒരിക്കലും ഹിന്ദിയിൽ ഉണ്ടാകില്ല. രാജ്യത്ത് ഏറ്റവും മികച്ച സിനിമകൾ നിർമ്മിക്കുന്നത് മലയാളം സിനിമ ഇൻഡസ്ട്രിയിലാണ് എന്നെനിക്ക് നെഞ്ചിൽ തൊട്ടുകൊണ്ട് പറയാനാകും” ഗുനീത് മോംഗ പറയുന്നത്.
97 ആമത് ഓസ്കർ പുരസ്‌കാര വേദിയിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഡോക്യൂമെന്ററി ഹ്രസ്വ ചിത്രമായിരുന്നു ‘ദി എലിഫന്റ് വിസ്പറേഴ്സ്’. രഘു എന്ന ആനക്കുട്ടിയെ പരിപാലിക്കുന്ന ബൊമ്മൻ, ബെല്ലി എന്നീ തമിഴ് വൃദ്ധ ദമ്പതികളെക്കുറിച്ചുള്ളതായിരുന്നു കാർത്തികി ഗൊൺസാൽവസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം. അഭിമുഖത്തിൽ ഗുനീത് മോംഗ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ കുറിച്ച് വാചാലമായി സംസാരിച്ചു. “20 ഓളം യുവതാരങ്ങളെ വെച്ചാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചിരിക്കുന്നത്, ആ ചിത്രം എനിക്ക് നൽകിയ ത്രില്ലിനെ പറ്റി ചിന്തിക്കുമ്പോൾ രോമാഞ്ചം ഉണ്ടാകും. അത്തരം ചിത്രങ്ങളാണ് ലോകം മുഴുവൻ സഞ്ചരിക്കേണ്ടത്” ഗുനീത് മോംഗ പറയുന്നു.