തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവൻ്റെയും ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗിനും ഇന്ന് പിറന്നാൾ. പ്രിയപ്പെട്ട മക്കൾക്ക് ആശംസകൾ നേർന്ന് നയൻതാരതൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. “എൻ്റെ ഉയിരിനും ഉലഗിനും പിറന്നാൾ ആശംസകൾ” എന്ന അടിക്കുറിപ്പോടെയാണ് നയൻതാര മക്കളുടെ പിറന്നാൾ സന്തോഷം അറിയിച്ചത്. ഇതോടൊപ്പം “ഹാപ്പി ബർത്ത്‌ഡേ ഉയിർ ആൻഡ് ഉലഗ്” എന്ന് ഹൃദയ ചിഹ്നത്തോടുകൂടി കുറിച്ചുകൊണ്ട് മൂന്ന് തട്ടുകളുള്ള കേക്കിൻ്റെ മനോഹരമായ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. കേക്കിൽ കൈ കോർത്ത് തിരിഞ്ഞുനിൽക്കുന്ന ഉയിരിൻ്റെയും ഉലകിൻ്റെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. താരങ്ങളുടെ പ്രിയപ്പെട്ട ഇരട്ടക്കുട്ടികൾക്ക് ഇപ്പോൾ മൂന്ന് വയസ്സ് തികഞ്ഞിരിക്കുകയാണ്.
നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം 2022 ജൂൺ 9-നാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. അതേ വർഷം വാടകഗർഭധാരണത്തിലൂടെയാണ് താരങ്ങൾക്ക് ഉയിരും ഉലഗും ജനിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെയും വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെയുമാണ് നയൻതാര ലേഡി സൂപ്പർ സ്റ്റാറായി വളർന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ നടി കൂടിയാണ് അവർ. ഏറ്റവും ഒടുവിൽ, ഷാരൂഖ് ഖാൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജവാനി’ലൂടെയാണ് നയൻതാര ഹിന്ദി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വൻ വിജയമായ ഈ ചിത്രത്തിൽ ദീപിക പദുകോൺ, പ്രിയാമണി, സാനിയ മൽഹോത്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.