നമിത് മൽഹോത്ര നിർമ്മിച്ച് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ നാളെ മുതൽ തിയേറ്ററുകളിൽ. ശ്രീരാമന്റെയും സീതാദേവിയുടെയും ദിവ്യപ്രണയവും അവരുടെ ജീവിതയാത്രയും ദൃശ്യവൽക്കരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ഒരേസമയമാണ് എത്തുന്നത്. ഐമാക്സ് ഉൾപ്പെടെയുള്ള പ്രീമിയം ഫോർമാറ്റുകളിലാണ് ചിത്രം ബിഗ് സ്ക്രീനിൽ എത്തുന്നത്. സാങ്കേതിക തികവാർന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്നതാണ് ചിത്രം. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്.
ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വനിതകളിലൊരാളായ സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ, ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. ‘റോക്കിംഗ് സ്റ്റാർ’ യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.
‘ദംഗൽ’ എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ ‘രാമായണം’ ഒന്നിപ്പിക്കുകയാണ്.ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പിആർഒ ആതിര ദിൽജിത്ത്.




