തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ‘കണ്ണപ്പ’. മലയാളത്തില്‍ നിന്ന് മോഹൻലാലും സിനിമയിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ സുപ്രധാന സീനുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയിരിക്കുകയാണ് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഡിസ്ക് കാണാതായതിനെ പിന്നിൽ നായകനായ വിഷ്ണു മഞ്ചുവിന്റെ കുടുംബത്തിലെ തന്നെ തര്‍ക്കങ്ങള്‍ ആണോയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തെലുങ്ക് സിനിമയിലെ മുതിർന്ന താരമാണ് വിഷ്ണു മഞ്ചുവിന്‍റെ പിതാവായ മോഹൻ ബാബു. 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
മലയാളത്തിൽ വൻ ഹിറ്റായ മോഹൻലാൽ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നിവയൊക്കെ തെലുങ്കിൽ മോഹൻബാബു നായകനായി റീമേക്ക് ചെയ്തിട്ടുണ്ട്. മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും അടുത്തിടെ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി എല്ലാവരുമറിഞ്ഞത്. പലപ്പോഴും മനോജ് കുടുംബത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾ ചർച്ചയാവുകയും ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ടായിരുന്നു. മോഹൻ ബാബുവിന്റെ ജാൽപ്പള്ളിയിലെ വസതിക്ക് മുന്നിൽ മഞ്ചു മനോജ് കുത്തിയിരിപ്പ് സമരം നടത്തിയതും വാർത്താപ്രാധാന്യം നേടിയിരുന്നു. മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹൻ ബാബു പോലീസിൽ പരാതികൊടുത്തിരുന്നു. തന്റെ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അച്ഛനും മകനുമിടയില്‍ നടക്കുന്നത് എന്നാണ് വിവരങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു മോഹന്‍ ബാബുവിന്‍റെ പരാതിയും.
കണ്ണപ്പയിൽ മോഹൻബാബുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ സിനിമയുടെ ഹാർഡ് ഡിസ്ക് കാണാതായതിന് പിന്നിൽ മഞ്ചു മനോജ് ആണോ എന്ന സംശയം ഉയരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. മുംബൈയിൽ നിന്ന് സിനിമയുടെ വിഎഫ്എക്സ് അടങ്ങിയ ഹാർഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയർ വഴി അയച്ചിരുന്നു. ഈ ഹാർഡ് ഡ്രൈവ് ഓഫീസ് ബോയ് ആയ രഘു കൈ പറ്റുകയും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറുകയും ചെയ്തു എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ചരിത ഹാര്‍ഡ് ഡ്രെെവുമായി കടന്നുകളഞ്ഞു എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിനിമയുടെ നിർമാതാവ് ഫിലിം നഗർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്. നേരത്തെ സിനിമയിലെ പ്രഭാസിന്റെ ലുക്കും ഔദ്യോഗികമായി പുറത്തു വിടുന്നതിന് മുന്നേ ചോർന്നിരുന്നു. ഇതും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരാണ് ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.