ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാത്തതില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായികയും ഡബ്ല്യുസിസി മുന്‍ അംഗവുമായ വിധു വിന്‍സന്റ്. താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത് എന്നും വസ്തുതകള്‍ മനസിലാക്കിയിട്ട് വേണം വിമര്‍ശിക്കാനെന്നും വിധു വിന്‍സന്റ് പറഞ്ഞു. പാര്‍വതിയെ പോലെ തിരിച്ചറിവുള്ള സ്ത്രീകളില്‍ നിന്നും കേരളം അതാണ് പ്രതീക്ഷിക്കുന്നത് എന്നും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍ വിധു വിന്‍സന്റ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേവലം കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ വിപുലവും ദീര്‍ഘകാലാടിസ്ഥാനത്തിലും ഉള്ള ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സിനിമാ വ്യവസായത്തിന്റെ അടിസ്ഥാന ഘടനയിലും പ്രവര്‍ത്തന രീതിയിലും മാറ്റം കൊണ്ടുവരുന്നതിലൂടെ മാത്രമേ ലക്ഷ്യങ്ങള്‍ കൈവരിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടാണ് നയ രൂപീകരണം സാധ്യമാക്കാന്‍ ശ്രമിക്കുന്നത് എന്നും വിധു വിന്‍സന്റ് പറഞ്ഞു.
സിനിമാമേഖലയില്‍ സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരുന്നതിനും, ചലച്ചിത്രമേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും ആവശ്യമായ നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ തന്റെ അറിവില്‍ ഇല്ലെന്നും വിധു വിന്‍സന്റ് പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി മുന്നോട്ടു പോകാന്‍ മൊഴി നല്‍കിയവര്‍ക്ക് താല്പര്യമില്ലാത്ത സാഹചര്യത്തില്‍ കേസുകളെല്ലാം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് രൂപീകരിച്ചത് സിനിമാമേഖയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായിരുന്നു എന്നും അതില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് നടി പാര്‍വതി തിരുവോത്ത് രംഗത്തുവന്നിരുന്നു.
‘എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു,’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പാര്‍വതി ചോദിച്ചത്. കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഈ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍പ് മൊഴി നല്കിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നാണ് അറിയിച്ചത്. ബാക്കി കേസുകളിലും പരാതിക്കാര്‍ സമാനമായ മറുപടി നല്കിയ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി 14 കേസുകള്‍ കൂടി പൊലീസ് അവസാനിപ്പിച്ചത്.