മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഇന്ന് റീ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് കേരളമെമ്പാടും അതിഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ഷോ 1200 പേരുമായി ഹൗസ്ഫുള്ളായാണ് പ്രദർശിപ്പിച്ചത് എന്ന് പറയുകയാണ് കൊച്ചി കവിത തിയറ്റേറ്റർ ഉടമ സാജു ജോണി. 18 വർഷത്തിന് ശേഷം സിനിമ വീണ്ടും എത്തിയപ്പോൾ പുതുതലമുറ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഛോട്ടാ മുംബൈക്ക് രാത്രി 12 മണിക്ക് ഒരു എക്സ്ട്രാ ഷോ കൂടി ആഡ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
‘രാവിലെ 10 മണിക്ക് 1200 പേരുമായുള്ള ഹൗസ്ഫുൾ ഷോയാണ് കളിച്ചത്. 18 വർഷത്തിന് ശേഷമാണ് പടം വീണ്ടും വരുന്നത്. ഈ 18, 20 വയസ്സുള്ള പിള്ളേരൊന്നും പടം തിയേറ്ററിയിൽ നിന്ന് കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് അവരെല്ലാം ഈ പ്രാവശ്യം വന്നിരിക്കുകയാണ്. നാളെയും ഷോകൾ ഫുള്ളായി കൊണ്ടിരിക്കുകയാണ്. ഭയങ്കര ഓളമുള്ള സിനിമയാണല്ലോ. അതുകൊണ്ട് സീറ്റിൽ ഇരിക്കാതെ ഫാൻസ് ആഘോഷിക്കുകയാണ്. ഇപ്പോൾ രാത്രി 12 മണിക്ക് ഒരു എക്സ്ട്രാ ഷോ കൂടി ആഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ദേവദൂതനും സ്ഫടികവുമൊക്കെ ഇട്ടിരിക്കുന്ന റെക്കോർഡ് ഛോട്ടാ മുംബൈ തകർക്കുമെന്നാണ് തോന്നുന്നത്,’ എന്ന് സാജു ജോണി പറഞ്ഞു.
അതേസമയം വമ്പൻ ആഘോഷങ്ങളോടെയാണ് ആരാധകർ തലയേയും കൂട്ടരെയും വരവേൽക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീനിലെ ആരാധകരുടെ ആരവങ്ങളുടെ വീഡിയോകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം.