ബോളിവുഡ് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ (ദൃശ്യം: ദി കൺക്ലൂഷൻ) മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുന്നു. മോഹൻലാൽ നായകനായ മലയാളം പതിപ്പ് റിലീസ് ചെയ്ത് നാല് മാസങ്ങൾക്ക് ശേഷമാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തിയത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം അഭിനയത്തിലും മേക്കിങ്ങിലും ഒരുപോലെ പുതുമ നിലനിർത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷക വിലയിരുത്തൽ. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇതിനോടകം ആഗോളതലത്തിൽ 580.22 കോടി രൂപ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 447.92 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ.
ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകിയ പ്രമുഖ സിനിമാ നിരൂപകൻ തരൺ ആദർശ്, ‘ദൃശ്യം 3’ ഒരു “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” ആണെന്ന് വിശേഷിപ്പിച്ചു. മലയാളം ഒറിജിനലിൽ നിന്ന് വ്യത്യസ്തമായി ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻപ് വ്യക്തമാക്കിയിരുന്നു. പ്രവചനാതീതമായ ട്വിസ്റ്റുകളും പശ്ചാത്തല സംഗീതവും താരങ്ങളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ എന്നിവർക്കൊപ്പം ജയ്ദീപ് അഹ്ലാവത്തിന്റെ അഭിനയത്തിനും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രശംസ ലഭിക്കുന്നുണ്ട്. റീമേക്ക് എന്നതിലുപരി മലയാളം പതിപ്പിനേക്കാൾ ഗംഭീരമായ അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.




