ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങി നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ചിത്രമാണ് ‘ വട ചെന്നൈ’. ചിത്രത്തിന്റെ സീക്വലുണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. നിരവധി വേദികളിൽ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകർ ചോദിച്ചെങ്കിലും അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെപ്പറ്റി ഒരു ചെറിയ സൂചന നൽകിയിരിക്കുകയാണ് ധനുഷ്.സിനിമയുടെ വർക്കുകൾ അടുത്ത വർഷം ആരംഭിക്കുമെന്നാണ് ധനുഷ് പറയുന്നത്. പുതിയ ചിത്രമായ കുബേരയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ചാണ് നടൻ ഇക്കാര്യം പറഞ്ഞത്. ധനുഷിന്റെ വാക്കുകൾ നിറകയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അതേസമയം ധനുഷിന്റെ പുതിയ ചിത്രമായ കുബേര റിലീസിന് ഒരുങ്ങുകയാണ്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ജൂൺ 20 നാണ് തിയേറ്ററുകളിലെത്തുക. നാഗാർജുന, രശ്‌മിക മന്ദാന എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്.